Times Kerala

 സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്‌ഹെല്‍ത്ത്

 
സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്‌ഹെല്‍ത്ത്
 

തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. 'സിന്ദഗി' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു. ചടങ്ങ് തിരുവനന്തപുരം ശംഖുംമുഖം സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.കെ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ ജീവന്‍ പകര്‍ന്നുനല്‍കുന്ന വലിയ കര്‍ത്തവ്യമാണ് രക്തദാതാക്കള്‍ നിര്‍വ്വഹിക്കുന്നതെന്നും എല്ലാവരും രക്തദാതാക്കളായി സ്വയം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. രക്തം ദാനം ചെയ്യുന്നത് കര്‍ത്തവ്യമായി മാറണമെന്നും സാഹോദര്യവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന പുതിയൊരു സമൂഹമായി നാം മുന്നോട്ട് കുതിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യമായ ആരോഗ്യസംസ്‌കാരത്തെ ആധുനികതയിലേക്ക് നയിക്കുന്നതില്‍ കിംസ്‌ഹെല്‍ത്തിന് കൃത്യമായ പങ്കുണ്ടെന്നും ഇത്തരം പരിപാടികള്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാനും പരിവര്‍ത്തിക്കാനും മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് ചടങ്ങില്‍ അദ്ധ്യക്ഷനായി. രക്തത്തിനായി ആളുകള്‍ പരക്കംപാഞ്ഞിരുന്ന ഒരു സാഹചര്യത്തെ കൃത്യമായ ബോധവല്‍ക്കരണത്തോടെ നമുക്ക് മാറ്റിയെടുക്കാനായെന്നും ഇന്ന് സന്നദ്ധരായി രക്തം ദാനം ചെയ്യാന്‍ ആളുകള്‍ മുന്നിട്ടിറങ്ങുകയും ആശുപത്രികളിലെ രക്തദാന വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തിന് ഒട്ടേറെ ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും രക്താദത്തിനായി മുന്നിട്ടുറങ്ങുന്നവരെയും അസോസിയേഷനുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വി.എസ്.എസ്.സി റിട്ട. ഡെപ്യൂട്ടി ഡയറക്ടറും കെ.ഇ.ബി.എസ് ജില്ലാ പ്രസിഡന്റുമായ ഡോ. കോശി എം ജോര്‍ജ്ജ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഗ്രൂപ്പ് മെഡിക്കല്‍ ഓഫീസറും കണ്‍സള്‍ട്ടന്റുമായ ഡോ. സനൂജ പിങ്കി സ്വാഗതവും നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഹോസ്പിറ്റല്‍ ട്രാന്‍സ്ഫ്യൂഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. സതീഷ് .ബി, നന്ദിയും അറിയിച്ചു.

Related Topics

Share this story