മാല പിടിച്ചുപറി കേസിലെ രണ്ടാം പ്രതി പിടിയിൽ

പാലക്കാട്: ബൈക്കിലെത്തി സ്ത്രീയുടെ നാല് പവന്റെ മാല കവർന്ന കേസിലെ രണ്ടാംപ്രതി പിടിയിൽ. കോയമ്പത്തൂർ സിംഗനെല്ലൂർ ഉപ്പിലി പാളയം ശ്രീനിവാസ പെരുമാൾ സ്ട്രീറ്റ് ശരവണനാണ് (33) ഉദുമൽപേട്ടയിൽനിന്ന് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയതത്. സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ മാലയാണ് പ്രതി പൊട്ടിച്ചത്.

കവർച്ചക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ ഗണപതി പാളയത്തുനിന്ന് മോഷ്ടിച്ചതും കാടാങ്കോട്ടുള്ള കടയിലെത്തി സ്ത്രീയുടെ മാല കവർന്നതും ഒന്നാം പ്രതി കണ്ണനും രണ്ടാം പ്രതി ശരവണനും ഒരുമിച്ചാണ് ചെയ്തത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി കണ്ണനെ മാല മോഷണത്തിനിടയിൽ പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു.
മോഷണ മുതലുകൾ മേട്ടുപ്പാളയത്തെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.