തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതായും അദ്ദേഹം തന്ന പണത്തിന് വ്യക്തമായ കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പണം വാങ്ങിയെങ്കിൽ അത് തുറന്നുപറയാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Vellapally Natesan has given Rs 3 lakh, says Binoy Viswam)
വെള്ളാപ്പള്ളി നടേശൻ മൂന്ന് ലക്ഷം രൂപ നൽകിയിട്ടുണ്ട്. എന്നാൽ വഴിവിട്ട സഹായങ്ങളൊന്നും ചെയ്യില്ലെന്ന് വ്യക്തമാക്കിയാണ് പണം വാങ്ങിയത്. പാർട്ടി നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പണം വാങ്ങാൻ പാടില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ബിനോയ് വിശ്വം തുറന്നു സംസാരിച്ചു. "വിജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു നിൽക്കണം. പരാജയപ്പെടുമ്പോൾ ഒളിച്ചോടില്ല, മറിച്ച് തിരുത്തൽ വേണ്ടിടത്ത് അത് നടപ്പിലാക്കും. കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടുത്തേണ്ടവരല്ല, മറിച്ച് ജനങ്ങളെ ഭയപ്പെടേണ്ടവരാണ്," അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വലിയ അങ്കലാപ്പുണ്ട്. ഇതുവരെ സതീശനെ പിന്തുണയ്ക്കാത്തവർ പോലും ഇപ്പോൾ പേടിച്ച് അദ്ദേഹത്തിനൊപ്പം നിൽക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് എസ്ഐആർ (SIR) ലക്ഷ്യമിടുന്നതെന്നും ഇത് പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനുള്ള തന്ത്രമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.