പാലക്കാട്: ചികിത്സാ പിഴവിനെത്തുടർന്ന് വലതു കൈ നഷ്ടപ്പെട്ട പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിക്ക് വനിതാ ശിശുവികസന വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ അനുവദിച്ചു. മിഷൻ വാത്സല്യ മാർഗരേഖ പ്രകാരമാണ് നടപടി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതിനായി 'ബാല നിധി'യിൽ നിന്നും ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.(Government provides help to 9-year-old girl who had to amputate her hand)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നേരത്തെ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ. ബാബു എംഎൽഎയും വിഷയത്തിൽ ഇടപെട്ടിരുന്നു. കൈ നഷ്ടപ്പെട്ട കുട്ടിക്കും കുടുംബത്തിനും ഷെൽട്ടർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് വീട് നിർമ്മിച്ച് നൽകും. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. കുട്ടിയുടെ തുടർചികിത്സാ ചെലവുകൾ പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും വേദന കുറയാത്തതിനെത്തുടർന്ന് വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനായിരുന്നു നിർദ്ദേശം.
പിന്നീട് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈയിൽ രക്തയോട്ടം നിലയ്ക്കുകയും അഴുകിയ നിലയിലാവുകയും ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ കഴിയാതിരുന്ന കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല.