തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് രാവിലെ പവന് 1,160 രൂപ വർദ്ധിച്ച് ഒരു ലക്ഷം കടന്നതിന് പിന്നാലെ ഉച്ചയ്ക്ക് വീണ്ടും 320 രൂപ കൂടി വർദ്ധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,01,080 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി.(Gold prices hit record high again in the afternoon)
സ്വർണത്തിന്റെ അടിസ്ഥാന വില ഒരു ലക്ഷം പിന്നിട്ടതോടെ സാധാരണക്കാർക്ക് ആഭരണം വാങ്ങുക എന്നത് വലിയ ബാധ്യതയായി മാറും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, ജിഎസ്ടി (3%), ഹാൾമാർക്കിങ് ചാർജ് എന്നിവയും കൂട്ടിച്ചേർത്താൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.10 ലക്ഷം മുതൽ 1.15 ലക്ഷം രൂപ വരെ ഇന്ന് നൽകേണ്ടി വരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,635 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,390 രൂപയും 14 കാരറ്റ് സ്വർണത്തിന് 8,090 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർദ്ധനവുണ്ട്; ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയായി ഉയർന്നു.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. ഇതിനുപുറമെ, ചൈന വലിയ തോതിൽ സ്വർണം ശേഖരിച്ചു കൂട്ടുന്നതും ആഗോള വിപണിയിൽ ഡിമാൻഡ് വർദ്ധിപ്പിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.