തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഇക്കാര്യം അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു. പുതുപ്പള്ളിയിൽ പാർട്ടി മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ തടസ്സമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.(Ready to step aside if the party considers someone else, Chandy Oommen informs the leadership)
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് തങ്ങളുടെ പ്രവർത്തന കലണ്ടർ പുറത്തിറക്കി. പ്രക്ഷോഭങ്ങളും സംഘടനാ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 19ന് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിന്റെ ഭാഗമായി കൊച്ചിയിൽ നടക്കുന്ന മെഗാ പഞ്ചായത്ത് സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാനതല ജാഥ ഫെബ്രുവരിയിൽ നടക്കും.
ജനുവരി 13, 14ന് തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സർക്കാരിന്റെ മാറ്റങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലും ഏജീസ് ഓഫീസിന് മുന്നിലും രാപ്പകൽ ഉപരോധം സംഘടിപ്പിക്കും. ജനുവരി 23ന് ശബരിമല വിഷയത്തിൽ നിയമസഭയിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.