തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിലവിൽ അപകടസാധ്യതയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടകവസ്തു ശേഖരം പൂർണ്ണമായും പൊട്ടിത്തീരുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Search will continue, DGP on Mundathikode tragedy)
സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അപകടം നടന്ന സമയത്ത് വെടിക്കെട്ട് ശാലയുടെ പരിസരത്ത് 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഏഴംഗ സംഘം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

