എംവിഡിയെ കൂകി വിളിച്ച് നാണം കെടുത്തി 'റോബിൻ' ബസ് യാത്രക്കാർ
Nov 18, 2023, 14:07 IST

തൃശൂർ: ഓൾ ഇന്ത്യ പെർമ്മിറ്റിന്റെ പിന്തുണയിൽ ഇന്ന് മുതൽ സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ വിടാതെ പിടികൂടാൻ ശ്രമിച്ച് എംവിഡി. പത്തനംതിട്ടയിൽ നിന്ന് ഇന്ന് രാവിലെ യാത്ര ആരംഭിച്ച ബസിനെ വഴിയുടനീളം എംവിഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടഞ്ഞു. പത്തനംതിട്ടയിൽ നിന്നും 7500 രൂപ പിഴയടയ്ക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥർ ബസ് വിട്ടുനൽകുകയായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് ബസ് പുതുക്കാട് എത്തിയപ്പോഴും എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. എന്നാൽ ഈ സമയത്ത് യാത്രക്കാർ ക്ഷുഭിതരായാണ് എംവിഡി ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. 'ഈ ഡ്രൈവറുടെ ലൈസൻസ് നാല് തവണ പരിശോധിച്ചു. എന്തിനാ വീണ്ടും വീണ്ടും പരിശോധിച്ച് ഉപദ്രവിക്കുന്നത്. വണ്ടി പറഞ്ഞുവിട്, ഞങ്ങൾക്ക് സമയത്ത് കോയമ്പത്തൂർ എത്തേണ്ടതാണ്'- ഒരു യാത്രക്കാരൻ പ്രതികരിച്ചു.
