പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസിൽ നിർണ്ണായകമായ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തൽ ഇന്ന് കോടതിയിൽ പൂർത്തിയായി.(Rape case, Verdict on Congress councilor’s bail plea tomorrow )
അതിജീവിത ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ജഡ്ജിയുടെ സാന്നിധ്യത്തിൽ അടച്ചിട്ട കോടതി മുറിയിലാണ് യുവതി തന്റെ മൊഴി നൽകിയത്. തനിക്കുണ്ടായ ദുരനുഭവങ്ങളും പരാതിയിലെ വസ്തുതകളും യുവതി കോടതിയെ ബോധിപ്പിച്ചു.
ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

