പ്ലസ്ടു കോഴക്കേസ്; കെ.എം. ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഡൽഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനം നൽകിയ അപ്പീലിൽ നേരത്തെ കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ആറ് ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നായിരുന്നു നോട്ടീസിൽ നിർദേശം. അതേസമയം, കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ച് കെ.എം ഷാജി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവെയ്ക്കണമെന്നാണ് ആവശ്യം.

വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയത്. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കിയിരുന്നു. നോട്ടീസിന് ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് ഇ.ഡി കണ്ടുകെട്ടിയിരുന്നു.