കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ വധക്കേസ് പ്രതി വിനീഷ് ചാടിപ്പോയിട്ട് നാലു ദിവസം പിന്നിടുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.(It has been 4 days since Drishya murder case accused escaped from Mental health centre)
പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. വിനീഷിന്റെ സ്വദേശം പെരിന്തൽമണ്ണയാണെങ്കിലും അവിടെയോ ബന്ധുവീടുകളിലോ ഇയാൾ ഇതുവരെ എത്തിയിട്ടില്ല. പുറത്തുനിന്നുള്ള ആരുടെയും സഹായം ഇയാൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ശുചിമുറിയുടെ ചുമര് തുരന്നാണ് വിനീഷ് രക്ഷപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് വിനീഷ് തടവിൽ നിന്ന് രക്ഷപ്പെടുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന ഇയാളെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ പത്തിനാണ് കുതിരവട്ടത്തെത്തിച്ചത്.