പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കും; താലൂക്ക് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കും: മന്ത്രി വി.ശിവന്‍കുട്ടി
May 21, 2023, 13:05 IST

തിരുവനന്തപുരം: താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സീറ്റ് കൂട്ടിയിരുന്നു, അത് തുടരും. മന്ത്രിസഭാ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും ജില്ലയില്‍ ഉന്നതപഠനത്തിന് സീറ്റുകളില്ലെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ 77,827 കുട്ടികള്‍ ഇത്തവണ തുടര്‍പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. അണ്‍ എയ്ഡഡ്, പോളിടെക്‌നിക്, ഐടിഐ ഉള്‍പ്പെടെ ഉപരിപഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ആകെയുണ്ടാവുക. 21,812 കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി പ്രകാരം സീറ്റ് ലഭിക്കില്ല. പ്രശ്നത്തിന് ശാശ്വതപരിഹാരമായി സർക്കാർ നിശ്ചയിച്ച വി.കാർത്തികേയൻ കമ്മിഷന്‍റെ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം.