'ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയത് ഗോഡ്‌സെയിസം നടപ്പാക്കൽ': തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര നീക്കത്തിനെതിരെ VM സുധീരൻ | MGNREGA

നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു
VM Sudheeran against the central government's move in the MGNREGA scheme
Updated on

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാനും ഘടനാപരമായ മാറ്റങ്ങൾ വരുത്താനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.എം. സുധീരൻ. ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുന്നത് 'ഗോഡ്‌സെയിസം നടപ്പാക്കുന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്' എന്ന് അദ്ദേഹം ആരോപിച്ചു.(VM Sudheeran against the central government's move in the MGNREGA scheme)

മൻമോഹൻ സിംഗ് സർക്കാർ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. നിലവിലെ പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന നിലയിൽ ഘടനാപരമായ മാറ്റം നിർദ്ദേശിച്ച്, പുതിയ ബിൽ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട പദ്ധതി അട്ടിമറിക്കാനുള്ള നിർദ്ദിഷ്ട ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിഞ്ഞേ മതിയാകൂവെന്നും സുധീരൻ ആവശ്യപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് മാറ്റാനുള്ള ശ്രമം, ഗോഡ്‌സെയിസം നടപ്പാക്കലാണ് മോദി സർക്കാരിന്റെ നയമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "മോദി സർക്കാർ എത്ര ശ്രമിച്ചാലും ജന മനസ്സിൽ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കാൻ ആവില്ല. തമസ്‌കരിക്കാൻ ശ്രമിക്കുന്തോറും ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും പ്രാധാന്യവും പ്രസക്തിയും ലോകത്തെമ്പാടും വർദ്ധിച്ചുകൊണ്ടേയിരിക്കും. ആ യാഥാർത്ഥ്യം തിരിച്ചറിയാതെ പോകുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയും കൂട്ടരും മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്നതുകൊണ്ട് തന്നെയാണ്," വി.എം. സുധീരൻ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com