തിരുവനന്തപുരം: പാർലമെൻറിന് പുറത്ത് ജനങ്ങൾ കണ്ടത് ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്ന കാഴ്ച്ചയാണ് എന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. പാർലമെന്റിന് പുറത്ത് യു.ഡി.എഫ്. എം.പി.മാർ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി, ഇടതുപക്ഷ എം.പി.മാരുടെ പ്രതിഷേധത്തെ പ്രശംസിച്ചു.(The country has seen two types of views outside Parliament, says Minister V Sivankutty)
പാർലമെന്റിന് പുറത്ത് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ച് യു.ഡി.എഫ്. എം.പി.മാർ നടത്തിയ പ്രതിഷേധത്തെയാണ് മന്ത്രി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചത്. "വിശ്വാസ സംരക്ഷണത്തെക്കുറിച്ച് വാചാലരാകുന്നവർ തന്നെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാക്ഷാൽ ശബരിമല അയ്യപ്പനെ പാരഡി കഥാപാത്രമാക്കുന്നത് പരിഹാസ്യമാണ്," മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ഇടതുപക്ഷ എം.പി.മാരെ മന്ത്രി അഭിനന്ദിച്ചു. "തൊഴിൽദാന പദ്ധതികൾ അവസാനിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയായിരുന്നു ഇടതുപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധം. പാവപ്പെട്ടവന്റെ അടുപ്പിൽ തീ പുകയണമെന്ന നിർബന്ധ ബുദ്ധിയാണ് ആ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.