തിരുവനന്തപുരം: പാചകവാതക വിലയിൽ രാജ്യത്തുണ്ടായ അമിതമായ വർധനവിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan on LPG Price Hike). എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ വിലവർധനവ് സാധാരണക്കാരുടെ ജീവിതത്തെയും ചെറുകിട വ്യവസായങ്ങളെയും തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ സിലിണ്ടർ വില 3,000 രൂപ കടന്നിരിക്കുകയാണ്. കുടിയേറ്റത്തൊഴിലാളികളും സാധാരണക്കാരും ഉപയോഗിക്കുന്ന അഞ്ചു കിലോ സിലിണ്ടറിന് 251.50 രൂപയാണ് വർധിപ്പിച്ചത്. ഇത് ദരിദ്ര ജനവിഭാഗങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെയാണ് ഈ വിലവർധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം നിലവിൽ തന്നെ ബുദ്ധിമുട്ടുന്ന ഹോട്ടൽ മേഖലയ്ക്ക് ഈ വർധനവ് താങ്ങാനാവില്ല. പല സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയിലാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയം തിരുത്തി, വർധിപ്പിച്ച തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഈ വിലവർധനവിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുന്നതെന്നും, ജനവിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Kerala Chief Minister Pinarayi Vijayan has strongly condemned the steep hike in LPG prices, calling it a cruel blow to the common man and small-scale industries. The price of commercial LPG cylinders has jumped by nearly ₹993, crossing the ₹3,000 mark, while 5kg cylinders saw an increase of ₹251.50. Highlighting that this hike comes right after the assembly elections in Kerala and other states, the CM alleged that the central government is prioritizing corporate interests over public welfare. He urged the Centre to immediately withdraw the hike to save the hotel sector and small enterprises from closure.

