ബംഗളൂരുവിൽ പാനൂർ സ്വദേശി കുത്തേറ്റു മരിച്ചത് ലഹരി പാർട്ടിക്കിടെ

രേണുക ഇതിനു മുന്പ് രണ്ടു കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജാവേദ് 20 ദിവസത്തേക്കായി വാടകയ്ക്കെടുത്ത ബംഗളൂരു ഹുളിമാവിനു സമീപത്തെ സർവീസ് അപ്പാർട്ട്മെന്റ് ഇന്ന് ഒഴിയാനിരിക്കെയാണ് കൊലപാതകം നടന്നത്. കൊലപാതകം നടന്ന അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്. ലഹരിപാർട്ടിക്കായാണ് ഫ്ലാറ്റ് എടുത്തതെന്നാണു സൂചന. മറ്റൊരു മലയാളി വ്യാപാരിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് സർവീസ് അപ്പാർട്ടുമെന്റ് ബുക്ക് ചെയ്തത്. ഇവിടെ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിലുള്ള മുറിവോടെ ജാവേദിനെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് പെൺ സുഹൃത്ത് രേണുകതന്നെയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബംഗളൂരു ബനാറകട്ട റോഡിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു ജാവേദ്.
