

കൊല്ലം: പുനലൂരിലെ ഗാന്ധിപ്രതിമയെ പരസ്യമായി അവഹേളിച്ച സംഭവത്തിൽ ചെമ്മന്തൂർ സ്വദേശി ഹരിലാൽ (41) അറസ്റ്റിലായി. പുനലൂർ തൂക്കുപാലത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമയ്ക്ക് നേരെയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ അതിക്രമം നടത്തിയത്.
പ്രതിമയുടെ കൽക്കെട്ടിന് മുകളിൽ കയറിയ ഹരിലാൽ പ്രതിമയെ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പുനലൂർ പോലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിയിലായ ഹരിലാൽ മുൻപും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തിയിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
ഭാരത മാതാ ഐടിഐ നിർമ്മിച്ച രജതജൂബിലി സ്മാരകത്തിന് നേരെയാണ് ഇത്തവണ അതിക്രമം ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.