

കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കൊച്ചുകുട്ടിയുമായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളെ പോലീസ് പിടികൂടി. തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് 70.66 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. മൂന്നര വയസ്സുള്ള മകളെ ഒപ്പം കൂട്ടിയാണ് ഇവർ ലഹരിക്കടത്ത് നടത്തിയത്.
ബംഗളൂരുവിൽ താമസിക്കുന്ന ദമ്പതികൾ കണ്ണൂരിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരമാണ് നിർണ്ണായകമായത്. ഡാൻസാഫ് (DANSAF) ടീം ജില്ലാ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. ബംഗളൂരുവിൽ നിന്ന് ബസിറങ്ങി ഓട്ടോറിക്ഷയിൽ ആശുപത്രിക്ക് സമീപമെത്തിയ ദമ്പതികളെ പോലീസ് വളയുകയായിരുന്നു. തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
കണ്ണൂരിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. നാർക്കോട്ടിക് എ.സി.പി രാജേഷ്, കണ്ണൂർ സിറ്റി എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിങ്ക് പോലീസിന്റെയും സിറ്റി പോലീസിന്റെയും സഹായത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.