

ആലുവ: പുളിഞ്ചോട് ജംഗ്ഷന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വൻ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10-ഓടെയാണ് സംഭവം. സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് ആക്രിക്കടയിലേക്ക് തീ പടർന്നതെന്ന് കരുതുന്നു. ശക്തമായ കാറ്റും ടയറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ സാന്നിധ്യവും തീ അതിവേഗം പടരാൻ കാരണമായി.
തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള 'സിത്താര ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ ക്രെയിനുകളുടെയും വലിയ ചരക്കുവാഹനങ്ങളുടെയും ഉപയോഗശൂന്യമായ ടയറുകൾ, കോപ്പർ കേബിളുകൾ എന്നിവയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇവ പൂർണ്ണമായും കത്തിനശിച്ചു.
നാട്ടുകാർ ആദ്യം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിന്റെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ പൂർണ്ണമായും അണച്ചത്.
ജനവാസ മേഖലയ്ക്ക് സമീപമുള്ള കടയിലുണ്ടായ തീപ്പിടുത്തം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. സംഭവത്തിൽ മറ്റ് ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.