

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ഹാജരാകാൻ പി.വി. അൻവർ എം.എൽ.എ കൂടുതൽ സമയം തേടി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഇത് പരിഗണിച്ച ഇ.ഡി, ജനുവരി ഏഴിന് ഹാജരാകാൻ അൻവറിന് പുതിയ നിർദ്ദേശം നൽകി.
അൻവറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരിൽ ആരംഭിച്ച ബെനാമി സ്ഥാപനങ്ങൾക്കായി 12 കോടി രൂപയുടെ വായ്പ കെ.എഫ്.സി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിയെടുത്തു എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഒരേ വസ്തു തന്നെ പല തവണ പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി കോടികൾ വായ്പ എടുത്തത്. വായ്പാ തുക നിശ്ചിത ആവശ്യത്തിനല്ലാതെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ അൻവറിന്റെ ബെനാമികളെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വായ്പ അനുവദിച്ചതിൽ കെ.എഫ്.സി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യവും ഇ.ഡി ഗൗരവമായി പരിശോധിക്കുന്നുണ്ട്.