

കോട്ടയം: കേരള ലോട്ടറി വകുപ്പ് പുറത്തിറക്കിയ 'സുവർണ്ണ കേരളം' ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദമാകുന്നു. ടിക്കറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദു മതവിശ്വാസത്തെയും സ്ത്രീകളെയും അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. 2026 ജനുവരി രണ്ടിന് നറുക്കെടുക്കുന്ന 50 രൂപ വിലയുള്ള എസ്.കെ 34 സീരിയൽ ടിക്കറ്റാണ് വിവാദത്തിലായിരിക്കുന്നത്.
ലോട്ടറിയിലെ ചിത്രം ഹിന്ദു പാരമ്പര്യങ്ങളെ അപമാനിക്കുന്നതും വിശ്വാസികളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആരോപിച്ചു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ചിത്രമാണിതെന്ന് ചൂണ്ടിക്കാട്ടി ബി.എൻ.എസ് (BNS) സെക്ഷൻ 299, 79, 352, 353 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
എന്നാൽ, ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ഒരു ചിത്രമാണ് ടിക്കറ്റിനായി ഉപയോഗിച്ചതെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രാഥമിക വിശദീകരണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവമായി പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
ഒന്നാം സമ്മാനം ഒരു കോടി രൂപയുള്ള ഈ ടിക്കറ്റിന്റെ വിൽപ്പന നടന്നുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നത്.