

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗൽ സ്വദേശികളായ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ഡിണ്ടിഗൽ സ്വദേശി ഡി. മണി, ശ്രീകൃഷ്ണൻ, ബാലമുരുകൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.പി. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചോദ്യം ചെയ്യൽ ഏഴര മണിക്കൂറോളം നീണ്ടുനിന്നു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം ചെയ്യൽ നടന്നത്. ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികൾ വിറ്റഴിച്ചതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയുമാണെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് ഇടപാടുകൾ നടന്നുവെന്നും തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ വെച്ച് ചർച്ചകൾ നടത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
രാവിലെ പത്തരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് വരെ തുടർന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് ക്രൈംബ്രാഞ്ച് എസ്.പിമാരും ചോദ്യം ചെയ്യൽ സമയത്ത് ഹാജരായിരുന്നു. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി ഡിണ്ടിഗൽ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.