

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തുടർച്ചയായി പരോളും അടിയന്തര അവധികളും അനുവദിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഈ കേസിലെ പ്രതികൾക്ക് മാത്രം ഇത്തരത്തിൽ പ്രത്യേക പരിഗണന ലഭിക്കാൻ എന്താണ് കാര്യമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു. കേസ് പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ പി.ജി. സ്മിത നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികൾക്ക് തുടർച്ചയായി പരോൾ ലഭിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് മാത്രമേ പരോളിന് അർഹതയുള്ളൂ. എന്നാൽ നിലവിലെ കേസിൽ മരിച്ചയാൾ പ്രതിയുടെ നേരിട്ടുള്ള ബന്ധുവല്ലെന്ന് കോടതി കണ്ടെത്തി.
ഹർജിക്കാരൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരനാണെന്ന വിവരം ഹർജിയിൽ വ്യക്തമാക്കാത്തതിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി പത്ത് ദിവസത്തെ പരോൾ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രതി സ്വാധീനമുള്ളയാളാണെന്നും പരോൾ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. നേരത്തെ ജയിൽ വകുപ്പിന് നിവേദനം നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് സ്മിത ഹൈക്കോടതിയെ സമീപിച്ചത്.