ശബരിമല: പ്രശസ്തമായ മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഇ.ടി. പ്രസാദാണ് ശ്രീകോവിൽ നട തുറന്നത്. തുടർന്ന് മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറന്നു.
നട തുറന്നതിന് പിന്നാലെ മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതോടെ ഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം ആരംഭിച്ചു. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് തുടങ്ങിയ പ്രമുഖർ ദർശനത്തിനെത്തിയിരുന്നു.
മണ്ഡലമഹോത്സവം പൂർത്തിയാക്കി ഡിസംബർ 27-ന് അടച്ച നടയാണ് ഇന്ന് മകരവിളക്ക് ഉൽസവത്തിനായി വീണ്ടും തുറന്നത്. പ്രശസ്തമായ മകരവിളക്ക് ജനുവരി 14-നാണ്. ഭക്തർക്ക് ജനുവരി 19-ന് രാത്രി 11 മണി വരെ ദർശനം നടത്താവുന്നതാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20-ന് രാവിലെ 6.30-ന് നട അടയ്ക്കും.