പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം രാജീവ് ഭവനിൽ രാജീവ് (39), കൊട്ടാരക്കര നടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്.
പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്കിലെത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം ഉപയോഗിച്ച് പിന്തുടർന്നാണ് ഇവരെ സാഹസികമായി പിടികൂടിയത്.
അഞ്ച് വർഷം മുൻപ് ലക്ഷദ്വീപിൽ നിന്നുമാണ് തങ്ങൾ ഇത് വാങ്ങിയതെന്നും തിരുവല്ലയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായതെന്നും പ്രതികൾ മൊഴി നൽകി. പിടിച്ചെടുത്ത ആംബർ ഗ്രീസും കസ്റ്റഡിയിലെടുത്ത പ്രതികളെയും തുടരന്വേഷണത്തിനായി കോന്നി വനം ഡിവിഷൻ അധികൃതർക്ക് കൈമാറി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യലും റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികളും വനംവകുപ്പാണ് സ്വീകരിക്കുക.
പന്തളം എസ്എച്ച്ഒ സജീഷ് കുമാർ, എസ്ഐ യു.വി. വിഷ്ണു, എഎസ്ഐ വിജയകുമാർ, സിപിഒമാരായ എസ്. അൻവർഷ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
Story Summary: Pantalam police and DANSAF team seized 6 kg of Ambergris (whale vomit) worth crores in the international market and taken two persons, Rajeev and Soman, into custody. The suspects were handed over to the Konni Forest Division for further legal proceedings under the Wildlife Protection Act.


