ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സ്റ്റേഷന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(US Strikes Across Southern Iran Hit Power Station Near Bushehr Nuclear Plant)
ഖുസെസ്താൻ പ്രവിശ്യയിലെ അഹ്വാസ്, രാംഷീർ, ബന്ദർ മഹ്ഷഹർ തുടങ്ങിയ നഗരങ്ങളിലും ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് നഗരത്തിന് സമീപവും സ്ഫോടനങ്ങൾ നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സ്റ്റേഷനിൽ മിസൈൽ പതിച്ചതിനെ തുടർന്ന് സമീപ ഗ്രാമത്തിൽ രണ്ട് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഗവർണർ മുഹമ്മദ് മൊസഫരി സ്ഥിരീകരിച്ചു.
മേഖലയിലെ സമുദ്രപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ഉയർത്തുന്ന ഭീഷണി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ആഴ്ച മുതൽ യു.എസ് നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും തിരിച്ചടി നൽകുന്നുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ജൂണിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച താൽക്കാലിക കരാർ നിലനിൽക്കെയാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്നത്.
Story Summary
US forces launched fresh strikes across southwestern and southern Iran early Thursday, hitting targets in Khuzestan and Hormozgan provinces and damaging a power station near the Bushehr nuclear facility. Despite a June framework agreement brokered by Pakistan, military escalation between the US and Iran continues to intensify.


