കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. അറസ്റ്റിൽ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചെങ്കിലും, തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ വീണ്ടും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
കോടതി വളപ്പിൽ വെച്ച് തന്നെ റാമിനെ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് കണ്ടാണ് കോടതി പ്രതിയെ വിട്ടയച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിൽ ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന വകുപ്പ് മേധാവി ഡോ. റാമിനെ ക്രൈംബ്രാഞ്ച് പിടികൂടുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് റാം രൂപം മാറി ഒളിവിൽ പോയത്. താടി വളർത്തി ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി കഴിഞ്ഞിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുൻപാണ് കുടകിലേക്ക് കടന്നത്.
അതേസമയം, നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ജാതീയമായി അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഡോ. റാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വകുപ്പ് മേധാവി എന്ന നിലയിൽ പഠനത്തിൽ മാർക്ക് കുറഞ്ഞ കുട്ടികളെ ഉപദേശിക്കുകയും ശാസിക്കുകയും മാത്രമാണ് ചെയ്തതെന്നും ഇയാൾ അവകാശപ്പെട്ടു.
Story Summary: Dramatic scenes unfolded at Thalassery Principal Sessions Court after the court released Dr. M. K. Ram, the main accused in the suicide of Kannur Dental College student Nithin Raj, due to procedural lapses in his arrest. However, Crime Branch officers immediately took him back into custody from the court premises amidst strong protests from his defense lawyer.


