Times Kerala

 പാലക്കാട് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍

 
 പാലക്കാട് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍
 പാലക്കാട്:  ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്കെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതലാണ് സംസ്ഥാനത്ത് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137436 പശുക്കള്‍ക്കും 6496 എരുമകള്‍ക്കും ഉള്‍പ്പെടെ 143932 കന്നുകാലികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്.

ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തിയാണ് കുത്തിവെപ്പ് നടത്തിയത്. ഭൂവിസ്തൃതി കൂടുതലും കന്നുകാലികളുടെ എണ്ണം കൂടുതലുള്ളതുമായ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികളെ കുത്തിവെപ്പ് നടത്തിയിരിക്കുന്നത്. ജില്ലയില്‍ നിലവില്‍ കുളമ്പുരോഗം ഉള്ളതും ഗര്‍ഭിണികളായതും നാലു മാസത്തില്‍ താഴെ പ്രായമുള്ളതുമായ കന്നുകാലികളെ മാത്രമാണ് കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവ് വരുമ്പോള്‍ ഈ കന്നുകാലികള്‍ക്കായി പ്രത്യേക കുത്തിവയ്പ്പ് നടത്തും.

മുതലമടയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 80 ശതമാനം

മുതലമട പഞ്ചായത്തില്‍ 6800 കന്നുകാലികളുള്ളതില്‍ 5450 പശുക്കളെയും എരുമകളെയും കുത്തിവയ്പ്പിച്ചു 80% വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. അസുഖമുള്ളതും അസുഖമുള്ള പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളതുമായ 200 ഓളം പശുക്കളെയും എരുമകളെയും കുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയെ അസുഖം മാറുമ്പോള്‍ കുത്തിവയ്പ്പിനു വിധേയമാക്കും.

വായുവിലൂടെയും വെള്ളത്തിലൂടെയും പകരുന്ന വൈറസ് രോഗമായതിനാല്‍ അസുഖം കാണപ്പെട്ടാല്‍ ഉടനെ വിവരം മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും കുളമ്പു രോഗമുള്ള ഉരുക്കളെ മേച്ചില്‍ പുറങ്ങളില്‍ വിടാതിരിക്കാനും അതുമൂലം രോഗം പടരുന്നത് തടയാനും കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്.

മുതലമട പഞ്ചായത്തില്‍ സൗജന്യ കുളമ്പുരോഗ ചികിത്സക്കായി പ്രത്യേകം തുക നീക്കിവെച്ചിട്ടുണ്ട്. ഇതുവഴി കര്‍ഷകര്‍ക്ക് കുളമ്പു രോഗത്തിന് സൗജന്യ ചികിത്സ നല്‍കാന്‍ പഞ്ചായത്തിനും മൃഗസംരക്ഷണ വകുപ്പിനും കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

Related Topics

Share this story