തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് മേൽ ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം നിയമപരമായി തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. (P S Prasanth Arrest Sabarimala Gold Theft)
2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമല ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവുമായ അജികുമാറിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിന് മണിക്കൂറുകൾ മുമ്പ് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ച പ്രശാന്ത്, താൻ നേതൃത്വം നൽകിയ ദേവസ്വം ബോർഡാണ് 2019-ലെ ശബരിമല സ്വർണ്ണമോഷണക്കേസ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും, അതേ ബോർഡിനെ ഇപ്പോൾ പ്രതിയാക്കുന്നത് രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, കേസിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിയമപരമായി തുറന്നുകാട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ കരകുളത്തെ വസതിയിൽ നിന്നാണ് എസ്ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 2019-ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കുന്നതിനായി 2025-ൽ ദ്വാരപാലക പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന് കൈമാറിയെന്നതാണ് അന്വേഷണസംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക വീഴ്ച മാത്രമാണെന്നാണ് പ്രശാന്തിന്റെ വിശദീകരണം.
അനുമതിയില്ലാതെ പാളികൾ പുറത്തേക്ക് മാറ്റിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2019-ൽ സ്വർണം പൂശിയ പാളികളുടെ തിളക്കം കുറഞ്ഞതായി എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു റിപ്പോർട്ട് നൽകിയിട്ടും വിശദമായ അന്വേഷണം നടത്താതെ വീണ്ടും അതേ കരാറുകാരന് പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാതെ, 2019-ലെ ശബരിമല സ്വർണ്ണക്കൊള്ള കേസിനൊപ്പം തന്നെ 2025-ലെ സംഭവവുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം.
Summary: Former Travancore Devaswom Board President P.S. Prasanth has been arrested in connection with the Sabarimala gold theft case. Claiming the case is politically motivated, he said he would prove his innocence, while the SIT alleges he played a role in illegally moving the temple’s gold-plated door panels without court approval.


