കേരളത്തില്‍ നിപയുടെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിപ ഭീതി ഒഴിയുന്നു. സംസ്ഥാനത്ത് രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നൽകുന്ന വാർത്തയാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്.

നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്.
മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും നെഗറ്റീവ് പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവായത്. സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഇതില്‍ ഒരു സംഘം ഇന്ന് ഡല്‍ഹിയിലേക്ക് തിരികെ പോകും. കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തിയതായും, കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.