ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് SIT; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചു, പ്രതികളുടെ ജാമ്യത്തെ എതിർത്തു | Sabarimala

രണ്ട് സിഐമാരെ കൂടി ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം
Sabarimala gold theft case, SIT seeks more officers for investigation
Updated on

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. രണ്ട് സിഐമാരെ കൂടി ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി അപേക്ഷ നൽകിയത്. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുന്നുണ്ടെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.(Sabarimala gold theft case, SIT seeks more officers for investigation)

അന്വേഷണ സംഘത്തിന്റെ ഈ പ്രത്യേക അപേക്ഷ ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ നിർണ്ണായകമായ പല വിവരങ്ങളും പുറത്തുവരാനുള്ള സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണെന്നാണ് പോലീസ് നിലപാട്.

കേസിലെ പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയെ എസ്ഐടി ശക്തമായി എതിർത്തു. പ്രതികൾക്ക് നിലവിൽ ജാമ്യം നൽകിയാൽ അത് കേസ് അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന ദിണ്ടിഗൽ മണിയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. മണിക്ക് വ്യാജ സിം കാർഡുകൾ എടുത്തുനൽകിയവരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ മണിയുടെ ഓഫീസിൽ പരിശോധന നടത്തിയപ്പോൾ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന നിലപാടിലായിരുന്നു മണി. എന്നാൽ പോലീസ് നടപടികൾ കർശനമാക്കിയതോടെ ഇന്ന് ഹാജരാകാമെന്ന് മണി സമ്മതിക്കുകയായിരുന്നു. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ഉരുപ്പടികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലോടെ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാറിന്റെ വെളിപ്പെടുത്തലുകൾ ബോർഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വർണ്ണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്ന് വിജയകുമാർ മൊഴി നൽകി.

"സഖാവ് ബോർഡ് യോഗത്തിൽ പറഞ്ഞതുകൊണ്ട് ഒന്നും വായിച്ചു നോക്കാതെ താൻ ഒപ്പിടുകയായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചാണ് ഇത് ചെയ്തത്." - വിജയകുമാർ പറഞ്ഞു. സർക്കാരിന് നാണക്കേടുണ്ടാകാതിരിക്കാനാണ് താൻ കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിജയകുമാർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായും പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നതായും റിമാൻഡ് റിപ്പോർട്ടിൽ എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു.

കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസാണിത്. ഇതുവരെയുള്ള അറസ്റ്റ് വിവരങ്ങളും പുതിയ കണ്ടെത്തലുകളും കോടതി ഇന്ന് പരിശോധിക്കും. നേരത്തെ എസ്.ഐ.ടിയുടെ പ്രവർത്തനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. റിമാൻഡിലുള്ള പ്രതികളായ ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ വിട്ടുകിട്ടാൻ എസ്.ഐ.ടി അപേക്ഷ നൽകും.

Related Stories

No stories found.
Times Kerala
timeskerala.com