ആലപ്പുഴ: സംസ്ഥാനം ഉറ്റുനോക്കിയ ചെങ്ങന്നൂർ വിശാൽ വധക്കേസിൽ പ്രതികളായ 19 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. കൊലപാതകം നടന്ന് 13 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഈ വിധി വരുന്നത്.(Court acquits all 19 accused in Vishal murder case)
2012 ജൂലൈ 16-നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ച് എബിവിപി പ്രവർത്തകനായിരുന്ന വിശാലിന് കുത്തേറ്റത്. പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിറ്റേന്ന് ചികിത്സയിലിരിക്കെ വിശാൽ മരിച്ചു.
പന്തളം, ചെറിയനാട്, വെൺമണി സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ ഉൾപ്പെടെയുള്ള ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിചാരണ വേളയിൽ ക്യാമ്പസിലെ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകരായ സാക്ഷികൾ ഉൾപ്പെടെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി.
കോടതി വിധി ഏറെ നിരാശാജനകമാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ആവശ്യമായ തെളിവുകളും സാക്ഷികളെയും ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പ്രതികളെ പിടികൂടാൻ വൈകുന്നുവെന്ന ആക്ഷേപത്തെത്തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർ ഉൾപ്പെടെയുള്ള മറ്റ് എബിവിപി പ്രവർത്തകർക്കും അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.