ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ വിശ്വപ്രസിദ്ധമായ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യം ലോകത്തെ ഭാവിയിലേക്ക് നയിക്കാൻ പ്രാപ്തമായ മഹത്തായ സന്ദേശമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Vice President inaugurates Sivagiri Pilgrimage Conference)
മനസ്സിന്റേയും ശരീരത്തിന്റേയും വിശുദ്ധമായ കേന്ദ്രമാണ് ശിവഗിരി. ഗുരു പഠിപ്പിച്ച പാഠങ്ങൾ സമൂഹത്തെ എക്കാലവും പ്രചോദിപ്പിച്ചിട്ടുണ്ട്, അത് ഇനിയും തുടരും. കേവലമായ മാറ്റങ്ങൾക്കപ്പുറം ജനങ്ങളുടെ മനസ്സിന്റെ ഉദ്ധാരണമാണ് ഗുരു ലക്ഷ്യം വച്ചത്. അത് സാധ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ വിശ്വാസമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. നമ്മെ ഭാവിയിലേക്ക് നയിക്കാൻ ഗുരു എപ്പോഴും മുന്നിൽ നിൽക്കുന്നു. സമൂഹത്തിന് വിദ്യയും അറിവും പകരുക എന്നതായിരുന്നു ഗുരുവിന്റെ പ്രധാന ലക്ഷ്യം. അറിവിലൂടെ സ്വതന്ത്രരാകുക എന്ന സന്ദേശം ഇന്നും പ്രസക്തമാണ്. ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന വലിയൊരു തീർത്ഥാടനത്തിന് കൂടി ഇതോടെ തുടക്കമായി.