തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി. മണി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി. അഭിഭാഷകർക്കും സഹായി ബാലമുരുകനുമൊപ്പമാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.(Sabarimala gold theft case, D Mani appears for questioning)
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മണി വാങ്ങിയതായി ഒരു വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവായി. പിടിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരുടെ പേരിലുള്ള മൂന്ന് സിം കാർഡുകളാണ് മണി ഉപയോഗിച്ചിരുന്നത്. ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ശക്തമായ രാഷ്ട്രീയ-ഭരണ സ്വാധീനമുണ്ടെന്നും അതിനാൽ 'പ്രത്യേക സംരക്ഷണം' ലഭിച്ചിരുന്നുവെന്നും എസ്ഐടി കണ്ടെത്തി.
എം. സുബ്രഹ്മണ്യം എന്നാണ് യഥാർത്ഥ പേരെങ്കിലും, ഡയമണ്ട് മണി എന്നതിന്റെ ചുരുക്കരൂപമായ 'ഡി. മണി', 'എം.എസ്. മണി' എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നാണ് മണിയുടെ പ്രാഥമിക പ്രതികരണം. തന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കും അന്വേഷണത്തിനും പിന്നാലെ, തന്നെ വേട്ടയാടുകയാണെങ്കിൽ ജീവനൊടുക്കുമെന്ന് ഇയാൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരെ (CI) കൂടി പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്ന എസ്.ഐ.ടിയുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ ഈ നടപടി.
നിലവിലെ അന്വേഷണ സംഘത്തോടൊപ്പം അനുഭവസമ്പന്നരായ രണ്ട് സി.ഐമാരെ കൂടി ഉൾപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന എസ്.ഐ.ടിയുടെ വാദം കോടതി അംഗീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അന്തർസംസ്ഥാന ബന്ധങ്ങളുള്ള കേസിൽ 'ഡയമണ്ട് മണി' ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണെന്ന് എസ്.ഐ.ടി കോടതിയെ ധരിപ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതികളായ എ. പത്മകുമാർ, ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്.ഐ.ടി നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ തെളിവുശേഖരണത്തിന്റെ ഭാഗമായി സന്നിധാനത്ത് റവന്യൂ സംഘം വിപുലമായ പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ കൃത്യമായ അളവെടുപ്പാണ് സംഘം പൂർത്തിയാക്കിയത്.
പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക റവന്യൂ സംഘമാണ് സന്നിധാനത്തെത്തി പരിശോധന നടത്തിയത്. എസ്ഐടി നിർദ്ദേശിച്ചതനുസരിച്ച് സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്ന സ്ഥലങ്ങൾ, ശ്രീകോവിൽ പരിസരം എന്നിവ ശാസ്ത്രീയമായി അളന്നു തിട്ടപ്പെടുത്തി.
അളവെടുപ്പിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വിശദമായ 'സീൻ പ്ലാൻ' രണ്ട് ദിവസത്തിനകം എസ്ഐടിക്ക് കൈമാറുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. റവന്യൂ സംഘം തയ്യാറാക്കുന്ന ഈ സീൻ പ്ലാൻ അന്വേഷണത്തിൽ അതീവ നിർണ്ണായകമാണ്. ഇത് എസ്ഐടി നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും