കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ അതീവ നിർണ്ണായകമായ ദ്വാരപാലക ശില്പക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ ജനുവരി 7-നായിരിക്കും വിധി പുറപ്പെടുവിക്കുക.(A Padmakumar's remand extended for 14 days in Sabarimala gold theft case)
കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ഡിണ്ടിഗൽ സ്വദേശി ഡി. മണിയെയും (ഡയമണ്ട് മണി) സഹായി ബാലമുരുകനെയും പ്രത്യേക അന്വേഷണ സംഘം (SIT) തിരുവനന്തപുരത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്ന് സ്വർണ്ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പത്മകുമാർ നൽകിയ മറുപടികൾ ശ്രദ്ധേയമായി. ദൈവതുല്യനായ നേതാവ് ആരെന്ന ചോദ്യത്തിന്, "വേട്ടനായ്ക്കളല്ല" എന്നായിരുന്നു പത്മകുമാറിന്റെ പരിഹാസരൂപേണയുള്ള മറുപടി.
എല്ലാം ചെയ്തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എന്നാൽ, "എല്ലാം അയ്യപ്പൻ നോക്കിക്കോളും" എന്നാണ് പത്മകുമാർ പ്രതികരിച്ചത്.