തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ രാത്രിയുണ്ടായ അതിക്രമങ്ങൾ രാഷ്ട്രീയ സംഘർഷമല്ലെന്നും അയൽവാസികൾ തമ്മിലുള്ള തർക്കമാണെന്നും പ്രദേശവാസികൾ. സി.പി.എം പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചതാണ് നാട്ടുകാരുടെ ഇടപെടലിനും തുടർന്നുള്ള സംഘർഷത്തിനും കാരണമായതെന്നാണ് സൂചന.(Nettayam conflict, Locals say it’s not political, but a dispute between neighbors)
ഇവർക്കിടയിൽ വസ്തുവിലെ മരത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. ബിജെപി പ്രവർത്തകൻ്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മർദിച്ചതാണ് സംഘർഷത്തിന്റെ തുടക്കമെന്ന് നാട്ടുകാർ പറയുന്നു. ബി ജെ പി പ്രവർത്തകനെ സി.പി.എം പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
സംഘർഷത്തിനിടെ നെട്ടയം ഡി.വൈ.എഫ്.ഐ മേഖല ട്രഷററുടെ വീടിന് നേരെയും ആക്രമണശ്രമം ഉണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇരുവിഭാഗവും കല്ലേറും അക്രമവും അഴിച്ചുവിട്ടു. കല്ലേറിലും ലാത്തിച്ചാർജിലും അഞ്ച് പൊലീസുകാർക്കും നാല് പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. വട്ടിയൂർക്കാവ് സ്റ്റേഷനിലെ സി.പി.ഒ ദീപുവിന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തു.

