നവകേരള യാത്ര പാഴ്‌വേല; മന്ത്രിമാർ പരാതി സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല
Nov 20, 2023, 12:36 IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള യാത്ര പാഴ്‌വേലയെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പരാതി വാങ്ങുന്നില്ല. പകരം ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നത്. കെ.കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടാണ് പരാതി സ്വീകരിച്ചിരുന്നത്. പിണറായി രാജാ പാർട്ട് കെട്ടുമ്പോൾ മറ്റ് മന്ത്രിമാർ ദാസൻമാരായി നിൽക്കുന്നു. യാത്രയിലെ പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്.

3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത്. ഒരു കോടിയുടെ ബസിന് അകമ്പടിയായി 40 വണ്ടിയുമുണ്ട്. ഇത് ധൂർത്തല്ലാതെ മറ്റെന്താണ്. ഇത് പാർട്ടി മേളയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു ലീഗ് പ്രവർത്തകനും നവകേരളയാത്രയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.