

എറണാകുളം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും പരിസരപ്രദേശങ്ങളും ഏറ്റെടുക്കാനുള്ള സർക്കാർ നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്കായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്റെ ശാസ്ത്രീയമായ ആവശ്യം തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.(Sabarimala Airport, High Court quashes land acquisition notification, orders new study)
വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ ഭൂമി മതിയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിന്റെ ഇരട്ടിയിലധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഏറ്റവും കുറഞ്ഞ അളവ് ഭൂമി മാത്രമേ ഏറ്റെടുക്കാവൂ. എന്നാൽ ഈ കേസിൽ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് (SIA) യൂണിറ്റും വിദഗ്ധ സമിതിയും ഈ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നും കോടതി പറയുന്നു.
ഭാവിയിലെ വികസനത്തിനായി ഇത്രയും ഭൂമി വേണമെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. ഭാവിയിൽ എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് കൃത്യമായി കണ്ടെത്താൻ പുതിയ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് നടത്തണം. പുതിയ പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് കൃത്യമായ അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണം. ഇതിനകം സമർപ്പിച്ച SIA റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്, സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങളും ഇതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനവും കോടതി റദ്ദാക്കി.