തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണാധികാരികൾ: ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, തലസ്ഥാനത്തെ മേയറെ ഡിസംബർ 26നറിയാമെന്ന് BJP സംസ്ഥാന അധ്യക്ഷൻ | Oath

തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണാധികാരികൾ: ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, തലസ്ഥാനത്തെ മേയറെ ഡിസംബർ 26നറിയാമെന്ന് BJP സംസ്ഥാന അധ്യക്ഷൻ | Oath

തിരുവനന്തപുരം കോർപ്പറേഷനിൽ ആവേശകരമായ തുടക്കം
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണകൂടങ്ങളിൽ പുതിയ അധ്യായത്തിന് തുടക്കമായി. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10 മണിയോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. കോർപ്പറേഷനുകളിൽ 11.30-ഓടെയാണ് ചടങ്ങുകൾ നടന്നത്. നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ, അവധി ദിനമായിരുന്നിട്ടും ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.(New administrators in local bodies, leaders take oath)

തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ ക്ലീറ്റസ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗൺസിലർമാരായ വി.വി. രാജേഷ്, ആർ. ശ്രീലേഖ, കോൺഗ്രസ് അംഗം കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. കെ.എസ്. ശബരീനാഥൻ, വൈഷ്ണ സുരേഷ് തുടങ്ങിയ അംഗങ്ങൾ ഭരണഘടന കയ്യിലേന്തിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയുടെ ഭരണത്തിന് തടസ്സമുണ്ടാക്കില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നും സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കി.

തിരുവനന്തപുരത്തെ വിജയം ഉജ്ജ്വലമാണെന്നും ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. നഗരവികസനത്തിനായി 45 ദിവസത്തിനകം 'ബ്ലൂ പ്രിന്റ്' പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മേയർ സ്ഥാനാർത്ഥിയെ ഡിസംബർ 26-ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മേയർ, മുൻസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുകൾ ഡിസംബർ 26-നും, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-നും നടക്കും. മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതിയുടെ കാലാവധി തീരാത്തതിനാൽ ഡിസംബർ 22-ന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എല്ലാ സ്ഥാപനങ്ങളിലും ഇന്ന് തന്നെ ആദ്യ ഭരണസമിതി യോഗം ചേരും. കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലും സത്യപ്രതിജ്ഞാ ചടങ്ങുകൾ സമാധാനപരമായിനടന്നു.

Times Kerala
timeskerala.com