'എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ': പ്രിയപ്പെട്ട ചങ്ങാതിയുടെ ചിതയിൽ പേപ്പറും പേനയും വച്ച് വിതുമ്പി സത്യൻ അന്തിക്കാട് | Sreenivasan

ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വിടവാങ്ങൽ ചടങ്ങ്
'എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ': പ്രിയപ്പെട്ട ചങ്ങാതിയുടെ ചിതയിൽ പേപ്പറും പേനയും വച്ച് വിതുമ്പി സത്യൻ അന്തിക്കാട് | Sreenivasan
Updated on

കൊച്ചി: ചിതയിലെരിയുന്നതിന് മുൻപ് തന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തിന്, സുഹൃത്തിന് സത്യൻ അന്തിക്കാട് നൽകിയത് ഒരു പേപ്പറും പേനയും. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിനിടെ വിതുമ്പുന്ന കൈകളോടെയാണ് സത്യൻ അന്തിക്കാട് തന്റെ സിനിമാ ജീവിതത്തിലെ ഉറ്റ ചങ്ങാതിക്ക് ഈ അവസാന ഉപഹാരം സമർപ്പിച്ചത്.(Sathyan Anthikad placed paper and pen on the pyre of his beloved friend Sreenivasan)

"എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്ന് ആ പേപ്പറിൽ എഴുതിവെച്ചിരുന്നു. ശ്രീനിവാസന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ സത്യൻ, അവസാന നിമിഷം വരെയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ഇന്നും മലയാളികളുടെ സ്വീകരണമുറികളിലെ ചിരിയും ചിന്തയുമാണ്. ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ആ വിടവാങ്ങൽ ചടങ്ങ്.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീകൊളുത്തി. ചിതയിൽ തീ പടരുമ്പോൾ നിറകണ്ണുകളോടെ മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ച ധ്യാൻ ശ്രീനിവാസന്റെ ദൃശ്യം നോവുന്ന കാഴ്ചയായി.

സിനിമയ്ക്കും സിനിമയ്ക്ക് പുറത്തുമുള്ള ഒട്ടേറെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. താലൂക്ക് ആശുപത്രിയിലെ അന്ത്യത്തിന് ശേഷം എറണാകുളം ടൗൺ ഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിലും ജനസാഗരമാണ് ഒഴുകിയെത്തിയത്. ചിരിക്കാനും ചിന്തിപ്പിക്കാനും ഇനിയും കഥകൾ ബാക്കിവെച്ച്, തന്റെ ചിരകാല സുഹൃത്ത് നൽകിയ പേപ്പറും പേനയുമായി ശ്രീനിവാസൻ യാത്രയായി.

Related Stories

No stories found.
Times Kerala
timeskerala.com