കൊച്ചി: മലയാള സിനിമയിലെ ഹാസ്യത്തിന്റെയും വിപ്ലവത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും മുഖമായിരുന്ന ശ്രീനിവാസന് കേരളം വിട നൽകി. ഇന്ന് രാവിലെ 11 മണിയോടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊളുത്തിയത്. ചിതയ്ക്ക് തീ കൊളുത്തിയ ശേഷം, നിറകണ്ണുകളോടെ ജ്വലിക്കുന്ന ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി തന്റെ പ്രിയപ്പെട്ട അച്ഛനെ ധ്യാൻ അഭിവാദ്യം ചെയ്തു. (A tearful farewell to beloved Sreenivasan, funeral held with official honors)
സംസ്കാര ചടങ്ങിൽ ഏവരെയും വൈകാരികമായി സ്പർശിച്ചത് ശ്രീനിവാസന്റെ ഭൗതിക ശരീരത്തിൽ വെച്ച ആ കുറിപ്പായിരുന്നു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്ന് എഴുതിയ ഒരു പേപ്പറും പേനയും അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്തുവെച്ച ശേഷമാണ് ചിതയൊരുക്കിയത്. മക്കളായ വിനീതും ധ്യാനും ചേർന്നാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്.
48 വർഷം നീണ്ട അഭിനയ ജീവിതത്തിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ചിരിയിലൂടെയും ചിന്തയിലൂടെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങൾ മലയാളിയുടെ സ്വത്വത്തിന്റെ ഭാഗമാണ്. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ശനിയാഴ്ച രാവിലെ ഡയാലിസിസിന് പോകുന്നതിനിടെയുണ്ടായ ശ്വാസതടസ്സമാണ് അന്ത്യത്തിന് കാരണമായത്. എറണാകുളം ടൗൺ ഹാളിലും കണ്ടനാട്ടെ വീട്ടിലുമായി നടന്ന പൊതുദർശനത്തിന് രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും എത്തിയിരുന്നു. കേരളത്തിന്റെ ഓരോ വീട്ടിലെയും അംഗത്തെപ്പോലെ സ്നേഹിക്കപ്പെട്ട ആ പ്രതിഭയുടെ വിയോഗം മലയാള സിനിമയിലെ ഒരു വലിയ അധ്യായത്തിന്റെ അവസാനമാണ്.