കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി യുഡിഎഫ് ക്യാമ്പിൽ സമവായമായില്ല. സീനിയോറിറ്റിയും സമുദായ സമവാക്യങ്ങളും പരിഗണിക്കുമ്പോൾ മൂന്ന് വനിതാ നേതാക്കളാണ് നിലവിൽ പട്ടികയിലുള്ളത്. ചർച്ചകൾ മുറുകുന്നതിനിടെ 76 അംഗ കൗൺസിൽ ചുമതല ഏറ്റെടുത്തു.(Who will be the mayor of Kochi? 76-member council takes charge as discussions intensify)
കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള സംഘടനാ പദവിയും സീനിയോറിറ്റിയുമാണ് ദീപ്തി മേരി വർഗീസിന് അനുകൂലമായ ഘടകങ്ങൾ. സംഘടനാ ഭാരവാഹികളെ പരിഗണിക്കണമെന്ന പാർട്ടി സർക്കുലർ ഉയർത്തിക്കാട്ടി ദീപ്തിയെ പിന്തുണയ്ക്കുന്നവർ രംഗത്തുണ്ട്.
ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കിൽ അഡ്വ. വി.കെ. മിനിമോൾക്ക് സാധ്യതയുണ്ട്. സമുദായ പരിഗണനയ്‌ക്കൊപ്പം വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ഫോർട്ട് കൊച്ചി മേഖലയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിലാണ് ഷൈനി മാത്യുവിന്റെ പേര് ഉയർന്നു കേൾക്കുന്നത്. ഇവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
മേയർ സ്ഥാനം അഞ്ച് വർഷത്തേക്ക് ഒരാൾക്ക് തന്നെ നൽകണോ അതോ ടേം വ്യവസ്ഥയിൽ വീതിക്കണോ എന്നതിൽ തർക്കം നിലനിൽക്കുന്നു. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാന സമുദായങ്ങളെ പിണക്കാത്ത രീതിയിലുള്ള ഫോർമുല കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം. കെ.വി.പി. കൃഷ്ണകുമാർ, ദീപക് ജോയ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നത്.