കോഴിക്കോട്: നഗരമധ്യത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ അതിക്രമം കാണിക്കുകയും മറ്റൊരു ബസിലിടിച്ച് അപകടമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് - ഫറോക്ക് റൂട്ടിലോടുന്ന 'ഗ്രീൻസ്' ബസിലെ ഡ്രൈവർ പെരുമണ്ണ സ്വദേശി കെ.കെ. മജ്‌റൂഫിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.(Private bus driver who risked the lives of passengers in Kozhikode jailed)
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30-ഓടെ മാനാഞ്ചിറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു യാത്രക്കാരെ നടുക്കിയ സംഭവം. മെഡിക്കൽ കോളേജ് - മാറാട് റൂട്ടിലോടുന്ന 'കീർത്തന' ബസുമായി മജ്‌റൂഫ് ഓടിച്ചിരുന്ന ബസ് മത്സരയോട്ടം നടത്തി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, മാനാഞ്ചിറയിൽ വെച്ച് കീർത്തന ബസിന്റെ വശത്തേക്ക് മജ്‌റൂഫ് തന്റെ ബസ് മനഃപൂർവ്വം ഇടിപ്പിച്ചു കയറ്റുകയായിരുന്നു.
രണ്ട് ബസുകളിലും നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു ഈ അഭ്യാസ പ്രകടനം. വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികൾ പകർത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കീർത്തന ബസ് ഡ്രൈവർ നൽകിയ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.