

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബെംഗളൂരുവിലെ മലയാളികൾ വലയുന്നു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, റെയിൽവേ പേരിന് മാത്രമാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 20-നും 25-നും ഇടയിൽ കേരളത്തിലേക്ക് ഒരേയൊരു അധിക സർവീസ് മാത്രമാണ് റെയിൽവേ അനുവദിച്ചത്.(Christmas holidays, Railways gives up, KSRTC comes to the aid of Malayalis)
അധിക സർവീസുകളിൽ മലബാർ മേഖലയെ റെയിൽവേ പൂർണ്ണമായും അവഗണിച്ചു. നിലവിലുള്ള ട്രെയിനുകളിൽ മാസങ്ങൾക്ക് മുമ്പേ ബുക്കിംഗ് അവസാനിച്ച സാഹചര്യത്തിൽ മലബാറിലേക്കുള്ള യാത്രക്കാർ തീർത്തും പ്രതിസന്ധിയിലാണ്. എറണാകുളത്തേക്ക് വന്ദേഭാരത് സർവീസ് നടത്തുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മറ്റ് അധിക സർവീസുകൾ റെയിൽവേ നിഷേധിക്കുന്നത്. ഓണക്കാലത്ത് നൽകിയ പരിഗണന പോലും ഇക്കുറി ഉണ്ടായില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ട്രെയിൻ യാത്ര മുടങ്ങിയതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് വൻ നിരക്കാണ്. ഡിസംബർ 23, 24 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 8,000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ട്രെയിൻ സർവീസുകളുടെ അഭാവത്തിൽ കെ.എസ്.ആർ.ടി.സി ബസുകളാണ് യാത്രക്കാർക്ക് ഏക ആശ്വാസം. ബെംഗളൂരുവിൽ നിന്ന് വിവിധ ജില്ലകളിലേക്ക് 25 അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ കോഴിക്കോട്ടേക്ക് മാത്രം നാല് പ്രത്യേക ബസുകൾ സർവീസ് നടത്തും.
കേരളത്തിലേക്ക് 66 അധിക ബസുകളാണ് കർണാടക പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അധിക സർവീസുകളിലൂടെ കെ.എസ്.ആർ.ടി.സി വലിയ വരുമാനം നേടിയിരുന്നു.