വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. 122 വീടുകളുടെ സ്ലാബ് വാർപ്പ് പൂർത്തിയായതോടെ ടൗൺഷിപ്പിന്റെ പ്രാഥമിക രൂപം വ്യക്തമായിക്കഴിഞ്ഞു. 1300-ലധികം തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഇവിടെ പണിയെടുക്കുന്നത്.(The construction of 122 houses in Wayanad Township has been completed)
ടൗൺഷിപ്പിലെ അഞ്ച് സോണുകളിലായി 344 വീടുകൾക്കായുള്ള സ്ഥലമൊരുക്കൽ ഇതിനകം പൂർത്തിയായിട്ടുണ്ട്. 326 വീടുകളുടെ അടിത്തറയൊരുക്കലും 287 വീടുകളുടെ പ്ലിന്ത് നിർമ്മാണവും പൂർത്തിയായി. 122 വീടുകളുടെ സ്ലാബ് വാർപ്പും 7 വീടുകളുടെ പ്ലാസ്റ്ററിംഗും പൂർത്തിയായിട്ടുണ്ട്. 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തികളും പൂർത്തിയായി.
അടിത്തറ നിർമ്മാണം, ഷിയർ വാൾ എന്നിവയുടെ പ്രവൃത്തികളും ഭൂരിഭാഗം വീടുകളിലും പൂർത്തിയായിക്കഴിഞ്ഞു. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിനുള്ളിൽ നിർമ്മിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് ഇതിന്റെ പ്രവർത്തനം. 12.65 മീറ്റർ വീതിയുള്ള 1100 മീറ്റർ നീളമുള്ള പ്രധാന പാതയും, വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന 2.77 കിലോമീറ്റർ നീളമുള്ള രണ്ടാം നിര പാതയും നിർമ്മാണത്തിലാണ്.
താമസസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി 5.8 മീറ്റർ വീതിയിൽ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇടറോഡുകളും നിർമ്മിക്കുന്നു. കെഎസ്ഇബിയുടെ നിലവിലെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകൾ സ്ഥാപിക്കുകയും ചെയ്തു. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണിയുടെയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും നിർമ്മാണം പുരോഗമിക്കുന്നു.