Times Kerala

 അട്ടപ്പാടിയില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവിന് തുടക്കമായി

 
 അട്ടപ്പാടിയില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവിന് തുടക്കമായി
 കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അഗളി ക്യാമ്പ് സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവിന് തുടക്കമായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്ത് നല്‍കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനമൂല്യം ലഭ്യമാകുന്നതിനാവശ്യമായ സാഹചര്യവും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് കൃഷിയിലൂടെയുള്ള അവരുടെ വരുമാനം വര്‍ധിക്കണമെന്നും മന്ത്രി പറഞ്ഞു.
അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. വേദിയില്‍ ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയെ കുടുംബശ്രീ ആദരിച്ചു. കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കിയ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതി സൃഷ്ടിച്ച മാറ്റങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. എസ്. ശാന്തി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്‍.ആര്‍.എല്‍എം ഡെപ്യൂട്ടി ഡയറക്ടര്‍ രമണ്‍ വാദ്ധ്വയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. രാമമൂര്‍ത്തി, ജ്യോതി അനില്‍ കുമാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറുമായ ബി.എസ് മനോജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story