Times Kerala

ദേശീയ മന്തുരോഗ നിവാരണ യജ്ഞത്തിന് പാലക്കാട്  ജില്ലയിൽ തുടക്കമായി

 
ththty

ദേശീയ മന്തുരോഗ നിവാരണ യജ്ഞത്തിന് പാലക്കാട്  ജില്ലയിൽ കുഴൽമന്ദത്ത് തുടക്കമായി. സമൂഹമന്തുരോഗ ചികിത്സ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രം ഹാളിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് ടി.കെ ദേവദാസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ.ആർ വിദ്യ അധ്യക്ഷയായി. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കുഴൽമന്ദം ജങ്ഷനിൽനിന്ന് വർണാഭമായ വിളംബര ഘോഷയാത്ര നടത്തി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി. പങ്കജാക്ഷൻ  ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
മന്തുരോഗ പകർച്ച അവസാനിച്ചിട്ടില്ലാത്ത ജില്ലയിലെ കോങ്ങാട്, കുഴല്‍മന്ദം, പറളി, പഴമ്പാലക്കോട്, വടക്കഞ്ചേരി എന്നീ അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകളിലെ 34 ഗ്രാമപഞ്ചായത്തുകളിലാണ് 12 വരെ പരിപാടി നടത്തുന്നത്. മന്തുരോഗ നിവാരണ യജ്ഞത്തിൻ്റെ ഭാഗമായി രണ്ട് വയസിന് മുകളിലുള്ളവർക്ക് പ്രായത്തിനനുസരിച്ച് ഡി.ഇ.സി, ആൽബൻ്റസോൾ ഗുളികകൾ പരിശീലനം ലഭിച്ച വളണ്ടിയർമാർ നൽകും. 


11, 12 തീയതികളില്‍ മോപ് അപ് റൗണ്ട്‌ നടക്കും. എം.ഡി.എയുടെ ഭാഗമായി ഫൈലേറിയ വിരകള്‍ നശിക്കുന്നതിനായി ഒരു ആല്‍ബന്റസോള്‍ ഗുളികയും മൈക്രോ ഫൈലേറിയ വിരകള്‍ നശിക്കുന്നതിനായി ഡി.ഇ.സി. ഗുളികകളും കഴിക്കണം. മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയ വിരകള്‍ക്കെതിരെ സമൂഹത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കും ഒരു ദിവസം തന്നെ ഗുളിക നല്‍കി വിരസാന്ദ്രത കുറച്ച് സമൂഹത്തില്‍ രോഗസംക്രമണം തടയുന്നതിനാണ് സമൂഹ ചികിത്സാ പരിപാടി സംഘടിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി. കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി നാരായണൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. പങ്കജാക്ഷൻ, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ധനലക്ഷ്മി, കുഴൽമന്ദം ഗ്രാമപഞ്ചായത്തംഗം കൗസല്യ, ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എം.എസ്. ശശി, കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എം.എ സിന്ധു, സെപ്യൂട്ടി ജില്ലാ എഡുക്കേഷൻ മീഡിയ ഓഫീസർ ടി.എസ് സുബ്രഹ്മണ്യൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ഗീതു മരിയ ജോസഫ്, ബയോളജിസ്റ്റ് പി. ബിനു എന്നിവർ സംസാരിച്ചു.

Related Topics

Share this story