

ഇടുക്കി: ഉപ്പുതറ എം.സി.കവലയിൽ യുവതിയെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. മലയക്കാവിൽ സുബിന്റെ (രതീഷ്) ഭാര്യ രജനി (38) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.(Woman found dead inside house in Idukki, Search underway for husband)
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൈകുന്നേരം സ്കൂൾ വിട്ടെത്തിയ ഇളയ മകനാണ് അമ്മ വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. രജനിയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.
രജനിയും സുബിനും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തർക്കത്തിനൊടുവിൽ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. ചൊവ്വാഴ്ച ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. പിന്നീട് ഇയാൾ ഓട്ടോറിക്ഷയിൽ കയറി പരപ്പ് എന്ന സ്ഥലത്തെത്തുകയും അവിടെനിന്ന് ബസ്സിൽ കയറി പോകുകയും ചെയ്തതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഒരു മകൻ കാഞ്ഞിരപ്പള്ളിയിൽ പഠിക്കുകയാണ്.