കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്.(Rahul Mamkootathil's anticipatory bail plea in the High Court today)
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണുണ്ടായതെന്നും നിർബന്ധിത ഗർഭഛിദ്രം എന്നത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുലിന്റെ വാദം. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും ഹർജിയിൽ പറയുന്നു.
രാഹുൽ എത്തിച്ചുനൽകിയ മരുന്ന് കഴിച്ച് ഗർഭഛിദ്രം നടത്തിയതിനെത്തുടർന്ന് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
കേസിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പരാതി നൽകിയതിന് പിന്നാലെ തനിക്ക് നേരെ അതിരൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ചില നിർണ്ണായക കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ടെന്നും യുവതി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗം ആരോപിച്ചുള്ള ആദ്യ കേസിൽ കീഴ്‌ക്കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു. ഈ ഉത്തരവ് പിന്നീട് നീട്ടി നൽകുകയും ചെയ്തു. കേസിൽ നിലവിൽ ഒരു പരാതിയിൽ മാത്രമാണ് രാഹുലിന് ജാമ്യം ലഭിച്ചിട്ടുള്ളത്.