

ഇടുക്കി: അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. ദേശീയപാത അതോറിറ്റിയാണ് ഈ തുക നൽകിയത്. എന്നാൽ, ബിജുവിന്റെ കുടുംബത്തിന് സർക്കാർ തലത്തിലുള്ള ദുരിതാശ്വാസ സഹായം നൽകുന്നതിൽ സാങ്കേതികമായ നിയമതടസ്സങ്ങൾ നിലനിൽക്കുന്നതായി കളക്ടർ വ്യക്തമാക്കി.(Adimali landslide, NHAI hands over Rs 1 lakh to Biju's family)
ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതിക്ഷോഭങ്ങൾക്കാണ് സാധാരണഗതിയിൽ സർക്കാർ സഹായം അനുവദിക്കുന്നത്. എന്നാൽ അടിമാലിയിലുണ്ടായത് മനുഷ്യനിർമ്മിത ദുരന്തം ആയതിനാലാണ് നിലവിലെ നിയമപ്രകാരം തുക നൽകുന്നതിന് തടസ്സമുള്ളതെന്ന് കളക്ടർ അറിയിച്ചു.
ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പ്രത്യേക റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ബിജുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കളക്ടർ അറിയിച്ചു. നിയമതടസ്സങ്ങൾ മറികടന്ന് കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.